ഉള്ളൂർ: സംസ്ഥാനത്തെ മരണാനന്തര അവയവദാതാക്കളെ അനുസ്മരിക്കുന്നതിനും അവരുടെ കുടുംബാംഗങ്ങളെ ആദരിക്കുന്നതിനുമായി കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാനതല പരിപാടി സ്മൃതി വന്ദനം 2026 - ഒന്പതിനു നടക്കും. ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലെ അച്യുത മേനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസസ് സ്റ്റഡീസ് ഓഡിറ്റോറിയത്തിൽ വൈകീട്ട് മൂന്നിനു മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യും. ശശി തരൂർ എംപി മുഖ്യാതിഥിയായിരിക്കും. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ് അധ്യക്ഷത വഹിക്കും.
2025 ഓഗസ്റ്റ് മുതൽ 2026 ഓഗസ്റ്റ് വരെയുള്ള കാലയളവിൽ മരണാനന്തരം അവയവദാനം ചെയ്ത 39 പേരുടെ കുടുംബാംഗങ്ങളെ ചടങ്ങിൽ മന്ത്രി ആദരിക്കും. മരണാനന്തര അവയവദാന രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചവരെ ചടങ്ങിൽ ആദരിക്കും.
കെ-സോട്ടോയുടെ വാർഷിക റിപ്പോർട്ട് പ്രകാശനവും പുതിയ ടോൾഫ്രീ നമ്പറിന്റെ ലോഞ്ചിംഗും ഇതോടൊന്നിച്ചു നടക്കും. മരണാനന്തര അവയവദാന സമ്മതപത്രം രജിസ്റ്റർ ചെയ്യാൻ താല്പര്യമുള്ളവർക്കായി ഓഡിറ്റോറിയത്തിനു സമീപം പ്രത്യേക രജിസ്ട്രേഷൻ കൗണ്ടറുകളും സജ്ജീകരിക്കും.
സഭാ ദിനാഘോഷവും കണ്വെന്ഷന് യോഗങ്ങളും
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര സിഎസ്ഐ സഭയുടെ വാര്‍ഷികവും കണ്വന്ഷന് യോഗങ്ങളും മിഷനറി പ്രതിഷ്ഠയും ഉള്‍പ്പെടെയുള്ള വിപുലമായ പരിപാടികള്‍ക്ക് തുടക്കമായി.
ഇന്ന് ചെറുവാരക്കോണം ഓള്‍ഡേജ് ഹോം സന്ദര്‍ശനം, നാളെ വൈകുന്നേരം 6.30 ന് ജൂനിയര്‍ ക്വയര്‍ ഫെസ്റ്റ്, ഒന്‍പതിന് രാത്രി ഏഴിന് കണ്വെന്ഷന് ഒരുക്കാരാധന, 10 മുതല്‍ 12 വരെ കണ്വെന്ഷന് യോഗങ്ങള്‍, 13ന് രാവിലെ എട്ടിന് സഭാദിന സ്തോത്രാരാധന, മിഷണറി പ്രതിഷ്ഠ, ശിശുസ്നാനം, തിരുവത്താഴം എന്നിവ നടക്കും.
ദക്ഷിണ കേരള മഹായിടവക ബിഷപ് ഡോ. പ്രിന്‍സ്റ്റണ്‍ ബെന്‍ വിശിഷ്ടാതിഥിയാകും. പ്രെസ്ബിറ്ററും നെയ്യാറ്റിന്‍കര ഡിസ്ട്രിക് ചെയര്‍മാനുമായ റവ. എം.എല്‍. സത്യസന്തോഷ് കുമാര്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ എന്‍. ശക്തന് എംഎല്‍എ മുഖ്യാതിഥിയാകും. ബോര്‍ഡ് ഫോര്‍ മിഷന് ഡയറക്ടര്‍ ഫാ.ഡോ. വിന്‍സന്റ്, ബിഷപ്സ് സെക്രട്ടറി റവ. ബിജു താപസ്, സഹശുശ്രൂഷകന്‍ റവ. കെ. റെജി ജോണ്‍, ഡിസ്ട്രിക് കൗണ്‍സില്‍ സെക്രട്ടറി പ്രൈസിംഗ് സാം എന്നിവര്‍ പങ്കെടുക്കും.